Friday, August 24, 2012

പ്രാര്‍ഥനകള്‍ തടയപ്പെടാം,ആകാശത്തോളംഎത്താതെ..
അഴുക്കു ചാലിലും നമ്മള്‍ മലര്‍ന്നു തുപ്പുമ്പോള്‍..
വ്യഥകള്‍ കൂട് കൂട്ടുന്ന മനസിന്‍റെവിങ്ങല്‍ അറിയാതെ
നമ്മള്‍ ചിരികള്‍ തേച്ചു പിടിപ്പിക്കുമ്പോള്‍..
നിലനില്‍പിനായ് പൊരുതുന്നവന്ടെ വിങ്ങുന്ന
വാക്കുകള്‍ അടിച്ചമര്‍ത്തി പല്ലിളിക്കുമ്പോള്‍..
പൊക്കിള്‍കൊടിയിലൂടെ ജീവന്‍ ശേഖരിച്ചു,
ചോര ചുരത്തുന്ന മാംസപിണ്ടങ്ങള്‍
വെളിച്ചത്തിനായ്‌ കേഴുമ്പോള്‍ നമ്മള്‍
കണ്ണടച്ച് ഇരുട്ടാക്കുമ്പോള്‍....
ജീവിതങ്ങള്‍ ചികഞ്ഞെടുത്തു,നുണകളുടെ
മുനയാല്‍ കുത്തിനോവിക്കുമ്പോള്‍...
പ്രാര്‍ഥനകള്‍ മുങ്ങി പോവാം,പിതൃത്വം
തിരസ്ക്കരിച്ച ബ്രഹ്മചാരിയുടെ വാദങ്ങളില്‍...
നിഷേധിക്കപ്പെട്ട സ്നേഹത്തിന്‍റെനെടുവീര്‍പ്പുകളില്‍
തണല്‍ തേടിയ സുഹൃത്തിന്‍റെ
പറയാനാവാതെ പോയ നൊമ്പരങ്ങളില്‍...
ചിറകില്ലാത്ത ശലഭങ്ങള്‍ ഇഴയുന്ന
ഏകാന്ത ജന്മങ്ങളുടെ കാത്തിരിപ്പില്‍..
ജീര്‍ണിക്കുന്ന വാര്‍ധക്യങ്ങളുടെ
തപിക്കുന്ന പുത്ര ദു:ഖങ്ങളില്‍ ..
കപട ഭക്തിയുടെ മറ നീക്കി ലോകത്തിന്‍റെ
ഇടവഴികളില്‍ കാത്തു നില്‍ക്കാം
നമ്മള്‍ ആട്ടിപായിച്ച അതിഥിയെ തിരികെ
ചേര്‍ക്കാന്‍..പിന്നെ പ്രാര്‍ഥനകള്‍ വാനോളമുയരുവാന്‍...

Thursday, August 23, 2012


നീ എന്റെ കരം ഗ്രഹിക്കുക
അസ്വസ്ഥതയുടെ കയങ്ങളിലേക്ക്
താഴുമ്പോള്‍, പ്രതീക്ഷകളുടെ
നുണകളുമായി അശാന്തിയുടെ
തീരത്തേക്ക് പോകുവാന്‍...

നീ അകലം പാലിക്കുക
പ്രഹേളികയാവുന്ന മനസിന്റെ
നിഗൂഡതകളിലെക്കിറങ്ങാതെ
പിന്‍വിളികളുമായി ഓടിയെത്തുന്ന
ആര്‍ദ്ര സ്നേഹത്തില്‍ നിന്ന്...

നീ എന്നോട് പൊറുക്കുക
നൃത്തവും, സംഗീതവും കൊഴുക്കുന്ന
ആഡംബര ഹര്‍മ്മ്യങ്ങളില്‍
വിഷാദചഷകം നിറയ്ക്കുന്നതിന്...

നീ യാനം തുടരുക
വിലാപങ്ങളുടെ നിരത്തില്‍
ആത്മ നൊമ്പരങ്ങളുടെയും
വിഹ്വലതകളുടെയും തേരില്‍
മുടന്തന്‍ കുതിരകളുമായി
ഞാന്‍ സാരഥിയാവട്ടെ...














നീ ഒരു ദ്വീപ് ആയിരുന്നു..
ആരൊക്കെയാലോ ചുറ്റപ്പെട്ടു നില്‍ക്കുമ്പോഴും,
അടിസ്ഥാനപരമായി നീ ഒറ്റപ്പെട്ട്..
എനിക്കസൂയ ആണ് പൂക്കളോട്..
പൂക്കള്‍ക്ക് പരാതികളില്ല,
വരണമാല്യങ്ങളില്‍ പുഞ്ചിരിച്ചു നില്‍ക്കാനും,
ശവക്കല്ലറകളില്‍ മരവിച്ചു നില്‍ക്കാനും ,
കൂന്തലില്‍ ചമഞ്ഞു നില്‍ക്കാനും,
അവര്‍ക്കറിയാം...
ക്ഷതമേറ്റ വാക്കുകളുടെ നിലവിളി
നീ ശ്രദ്ധിച്ചിട്ടുണ്ടോ?
വടുക്കള്‍ നിറഞ്ഞ ഈ വാക്കുകളില്‍
ഇപ്പോഴും ചോര ചിന്തുന്നത്‌
നീ അറിയുന്നുണ്ടോ?
ഇപ്പോള്‍ വാക്കുകളെ അല്ല എനിക്കിഷ്ടം..
ഒരു പാദ സ്പര്‍ശത്തില്‍ ,ഉയിര്ത്തെഴുന്നേല്ക്കുന്ന
കരിയിലകളെയാണ്...