Monday, December 24, 2012

നമ്മള്‍,ശൈശവത്തിന്റെ പാല്‍ നുണഞ്ഞു 
ഈശ്വരനു തൊട്ടു താഴെ,കരങ്ങള്‍ മാറിയേറി
ബാല്യം കേട്ടു മറന്ന പഴങ്കഥകള്‍ പോലെ 
ആവര്‍ത്തന വിരസതയുടെ മണ്ണപ്പവുമായി..
വിപ്ലവങ്ങള്‍ ചോര വാര്‍ക്കുന്ന 
യൌവനത്തിനായി കൌമാരം വഴി മാറി..
നമ്മള്‍ മനശക്തിയെ പോഷിപ്പിച്ച് 
ദുര്‍ബലതയുടെ ആള്‍രൂപങ്ങള്‍ ആയി,
പട്ടിണി മരണങ്ങളെ പരിഹസിച്ച്
ആര്‍ത്തിയോടെ സ്നേഹം വിരുന്നൂട്ടി..
ദഹിക്കാനാവാത്ത സ്നേഹം 
താങ്ങാനാവാതെ ഒടുവില്‍ ചര്‍ദ്ദിച്ച്...
നമ്മള്‍ കൂട്ടിനായ്‌ കിട്ടിയ കൈയ്യില്‍ 
വര്‍ത്തമാനങ്ങളുടെ ഭാവി വായിച്ച്,
ഭൂതകാലത്തിന്‍റെ ലീലകളില്‍ മനം താഴ്ത്തി..
ചിന്തകള്‍ക്ക് നാവു മുളച്ചു സംവദിക്കുമ്പോഴും,
മൌനത്തിന്‍റെ ഗര്‍ത്തങ്ങളില്‍ നിപതിച്ച്... 
നമ്മള്‍...വിഭജിച്ച് നീയും ഞാനുമായി..
പരസ്പരം വാരിയെറിയുന്ന തണുത്ത 
പൂക്കളുടെ നിര്‍വികാരതയുടെ ദളങ്ങളില്‍ 
മുഖമമര്‍ത്തി തേങ്ങുവാനെങ്കിലും കൊതിച്ച്...
ധൂളിയില്‍ മെനയപ്പെട്ടപ്പോഴും,ആത്മാവ് 
തിരഞ്ഞത് നിന്‍റെ ആത്മാംശമാവാം,
നിന്നോടുള്ള തര്‍ക്കങ്ങള്‍ക്കും പ്രസക്തിയില്ലാതെ 
വെറുതെ തീരുന്ന ജീവിതത്തിനിടയില്‍ 
''മാ നിഷാദ''പാടേണ്ടത്ഈ മനസിനോടോ..?
കാലത്തിന്‍റെ പാദത്തില്‍ ഞെരിഞ്ഞമര്‍ന്ന ധൂളി 
അറിഞ്ഞില്ല നിന്‍ സ്പര്‍ശം..
ഈ വര ചെറുതാക്കാന്‍ എത്ര നീണ്ട വരകള്‍ 
ഞാന്‍ വരയ്ക്കണം...
എന്‍റെ ഓര്‍മ്മകള്‍ നിനക്ക് മറവിയാകട്ടെ, 
എന്‍റെ വിരക്തി നിന്‍റെ ജീവിതമാകട്ടെ,
എന്‍റെ വീഴ്ച നിനക്ക് കരുത്ത് പകരട്ടെ..
എന്‍റെ സ്വാര്‍ഥതഎനിക്ക് മോക്ഷം നല്‍കാതിരിക്കട്ടെ..
നീ പകര്‍ന്ന ഉച്ച്ച്വാസവായു തിരികെ എടുക്കുക..
എന്നെ പിളര്‍ക്കുക..
എന്നെ ആദിയിലെ ധൂളിയാക്കുക ,
നീ മൂന്നു ദിനം കിടന്ന കല്ലറയിലെ മണ്ണ് ആക്കുക..
ഈ പാഴ് മണ്ണില്‍ നീ അലിഞ്ഞു ചേരുക....