Monday, December 24, 2012

നമ്മള്‍,ശൈശവത്തിന്റെ പാല്‍ നുണഞ്ഞു 
ഈശ്വരനു തൊട്ടു താഴെ,കരങ്ങള്‍ മാറിയേറി
ബാല്യം കേട്ടു മറന്ന പഴങ്കഥകള്‍ പോലെ 
ആവര്‍ത്തന വിരസതയുടെ മണ്ണപ്പവുമായി..
വിപ്ലവങ്ങള്‍ ചോര വാര്‍ക്കുന്ന 
യൌവനത്തിനായി കൌമാരം വഴി മാറി..
നമ്മള്‍ മനശക്തിയെ പോഷിപ്പിച്ച് 
ദുര്‍ബലതയുടെ ആള്‍രൂപങ്ങള്‍ ആയി,
പട്ടിണി മരണങ്ങളെ പരിഹസിച്ച്
ആര്‍ത്തിയോടെ സ്നേഹം വിരുന്നൂട്ടി..
ദഹിക്കാനാവാത്ത സ്നേഹം 
താങ്ങാനാവാതെ ഒടുവില്‍ ചര്‍ദ്ദിച്ച്...
നമ്മള്‍ കൂട്ടിനായ്‌ കിട്ടിയ കൈയ്യില്‍ 
വര്‍ത്തമാനങ്ങളുടെ ഭാവി വായിച്ച്,
ഭൂതകാലത്തിന്‍റെ ലീലകളില്‍ മനം താഴ്ത്തി..
ചിന്തകള്‍ക്ക് നാവു മുളച്ചു സംവദിക്കുമ്പോഴും,
മൌനത്തിന്‍റെ ഗര്‍ത്തങ്ങളില്‍ നിപതിച്ച്... 
നമ്മള്‍...വിഭജിച്ച് നീയും ഞാനുമായി..
പരസ്പരം വാരിയെറിയുന്ന തണുത്ത 
പൂക്കളുടെ നിര്‍വികാരതയുടെ ദളങ്ങളില്‍ 
മുഖമമര്‍ത്തി തേങ്ങുവാനെങ്കിലും കൊതിച്ച്...
ധൂളിയില്‍ മെനയപ്പെട്ടപ്പോഴും,ആത്മാവ് 
തിരഞ്ഞത് നിന്‍റെ ആത്മാംശമാവാം,
നിന്നോടുള്ള തര്‍ക്കങ്ങള്‍ക്കും പ്രസക്തിയില്ലാതെ 
വെറുതെ തീരുന്ന ജീവിതത്തിനിടയില്‍ 
''മാ നിഷാദ''പാടേണ്ടത്ഈ മനസിനോടോ..?
കാലത്തിന്‍റെ പാദത്തില്‍ ഞെരിഞ്ഞമര്‍ന്ന ധൂളി 
അറിഞ്ഞില്ല നിന്‍ സ്പര്‍ശം..
ഈ വര ചെറുതാക്കാന്‍ എത്ര നീണ്ട വരകള്‍ 
ഞാന്‍ വരയ്ക്കണം...
എന്‍റെ ഓര്‍മ്മകള്‍ നിനക്ക് മറവിയാകട്ടെ, 
എന്‍റെ വിരക്തി നിന്‍റെ ജീവിതമാകട്ടെ,
എന്‍റെ വീഴ്ച നിനക്ക് കരുത്ത് പകരട്ടെ..
എന്‍റെ സ്വാര്‍ഥതഎനിക്ക് മോക്ഷം നല്‍കാതിരിക്കട്ടെ..
നീ പകര്‍ന്ന ഉച്ച്ച്വാസവായു തിരികെ എടുക്കുക..
എന്നെ പിളര്‍ക്കുക..
എന്നെ ആദിയിലെ ധൂളിയാക്കുക ,
നീ മൂന്നു ദിനം കിടന്ന കല്ലറയിലെ മണ്ണ് ആക്കുക..
ഈ പാഴ് മണ്ണില്‍ നീ അലിഞ്ഞു ചേരുക....

Wednesday, November 14, 2012

നാളെ എന്‍റെ മരണമാണ്.. പതിഞ്ഞ കാലോച്ചയോടെയോ ,
താണ്ടവത്തോടെയോ,എന്നെ പുണരുന്ന മരണം....
തണുത്തു വിറങ്ങലിച്ച സ്വപ്‌നങ്ങള്‍ ശവപ്പെട്ടിക്കുള്ളില്‍ 
ആരുടെയോ തെങ്ങലിനായ്‌ കാത്തുകിടക്കുന്നു....
വിളറിയ ധെഹിയൊദെ പ്രതീക്ഷകള്‍ വെള്ള പുതച്ചു 
ആരുടെയോ സാമീപ്യത്തിനായ് കിടക്കുന്നു...
കുഴിയിലേക്കെടുക്കുമ്പോള്‍,സ്വപ്നങ്ങള്‍ക്ക് മേല്‍ ആദ്യ 
ഒരു പിടി മണ്ണ് ഇടുന്നത് ഓര്‍മ്മകള്‍ ആവാം.....
പട്ടടയിലേക്കെടുക്കുമ്പോള്‍ പ്രതീക്ഷകളുടെ മേല്‍ 
ആദ്യ തിരി വെക്കുന്നത് സ്നേഹം ആവാം....
സങ്കല്‍പങ്ങളുടെ നനുത്ത നെറ്റിയില്‍ 
അന്ത്യചുംബനം നല്‍കുന്നത് യാഥാര്‍ത്യങ്ങള്‍ആവാം 
മൃത്യു വരിച്ച സ്വപ്നങ്ങളുടെ ശാന്തിക്കുവേണ്ടി 
പ്രാര്‍ഥനകള്‍ വേണ്ട...... 
മരണത്തെ പുല്‍കിയ പ്രതീക്ഷകളുടെ ചാരം 
പുഴയില്‍ ഒഴുക്കേണ്ട.... 
ജന്‍മാന്തരസ്നേഹങ്ങളുടെ കണക്കു പറഞ്ഞു 
വാക്കുകളെ നശിപ്പിക്കേണ്ട.......
പറയാന്‍ മറന്ന വാക്കുകളെ തേദി,അടക്കിയ 
രോഷത്തെ മൂര്‍ച്ചയുള്ള വാക്കുകള്‍ ആക്കി,ഒരു 
പിറവിയായ്സ്വപ്‌നങ്ങള്‍ ജനിക്കാം!
ഒരു ഫീനിക്സ് പക്ഷിയെപോല്‍ പ്രതീക്ഷകള്‍ 
വിശ്വാസത്തോടെ ചിറകടിച്ചു ഉയരാം!
യാതാര്ത്യങ്ങളുടെ മനസുമായി വീണ്ടുമൊരു
പിറവിക്കായ്‌,നാളെ എന

Friday, August 24, 2012

പ്രാര്‍ഥനകള്‍ തടയപ്പെടാം,ആകാശത്തോളംഎത്താതെ..
അഴുക്കു ചാലിലും നമ്മള്‍ മലര്‍ന്നു തുപ്പുമ്പോള്‍..
വ്യഥകള്‍ കൂട് കൂട്ടുന്ന മനസിന്‍റെവിങ്ങല്‍ അറിയാതെ
നമ്മള്‍ ചിരികള്‍ തേച്ചു പിടിപ്പിക്കുമ്പോള്‍..
നിലനില്‍പിനായ് പൊരുതുന്നവന്ടെ വിങ്ങുന്ന
വാക്കുകള്‍ അടിച്ചമര്‍ത്തി പല്ലിളിക്കുമ്പോള്‍..
പൊക്കിള്‍കൊടിയിലൂടെ ജീവന്‍ ശേഖരിച്ചു,
ചോര ചുരത്തുന്ന മാംസപിണ്ടങ്ങള്‍
വെളിച്ചത്തിനായ്‌ കേഴുമ്പോള്‍ നമ്മള്‍
കണ്ണടച്ച് ഇരുട്ടാക്കുമ്പോള്‍....
ജീവിതങ്ങള്‍ ചികഞ്ഞെടുത്തു,നുണകളുടെ
മുനയാല്‍ കുത്തിനോവിക്കുമ്പോള്‍...
പ്രാര്‍ഥനകള്‍ മുങ്ങി പോവാം,പിതൃത്വം
തിരസ്ക്കരിച്ച ബ്രഹ്മചാരിയുടെ വാദങ്ങളില്‍...
നിഷേധിക്കപ്പെട്ട സ്നേഹത്തിന്‍റെനെടുവീര്‍പ്പുകളില്‍
തണല്‍ തേടിയ സുഹൃത്തിന്‍റെ
പറയാനാവാതെ പോയ നൊമ്പരങ്ങളില്‍...
ചിറകില്ലാത്ത ശലഭങ്ങള്‍ ഇഴയുന്ന
ഏകാന്ത ജന്മങ്ങളുടെ കാത്തിരിപ്പില്‍..
ജീര്‍ണിക്കുന്ന വാര്‍ധക്യങ്ങളുടെ
തപിക്കുന്ന പുത്ര ദു:ഖങ്ങളില്‍ ..
കപട ഭക്തിയുടെ മറ നീക്കി ലോകത്തിന്‍റെ
ഇടവഴികളില്‍ കാത്തു നില്‍ക്കാം
നമ്മള്‍ ആട്ടിപായിച്ച അതിഥിയെ തിരികെ
ചേര്‍ക്കാന്‍..പിന്നെ പ്രാര്‍ഥനകള്‍ വാനോളമുയരുവാന്‍...

Thursday, August 23, 2012


നീ എന്റെ കരം ഗ്രഹിക്കുക
അസ്വസ്ഥതയുടെ കയങ്ങളിലേക്ക്
താഴുമ്പോള്‍, പ്രതീക്ഷകളുടെ
നുണകളുമായി അശാന്തിയുടെ
തീരത്തേക്ക് പോകുവാന്‍...

നീ അകലം പാലിക്കുക
പ്രഹേളികയാവുന്ന മനസിന്റെ
നിഗൂഡതകളിലെക്കിറങ്ങാതെ
പിന്‍വിളികളുമായി ഓടിയെത്തുന്ന
ആര്‍ദ്ര സ്നേഹത്തില്‍ നിന്ന്...

നീ എന്നോട് പൊറുക്കുക
നൃത്തവും, സംഗീതവും കൊഴുക്കുന്ന
ആഡംബര ഹര്‍മ്മ്യങ്ങളില്‍
വിഷാദചഷകം നിറയ്ക്കുന്നതിന്...

നീ യാനം തുടരുക
വിലാപങ്ങളുടെ നിരത്തില്‍
ആത്മ നൊമ്പരങ്ങളുടെയും
വിഹ്വലതകളുടെയും തേരില്‍
മുടന്തന്‍ കുതിരകളുമായി
ഞാന്‍ സാരഥിയാവട്ടെ...














നീ ഒരു ദ്വീപ് ആയിരുന്നു..
ആരൊക്കെയാലോ ചുറ്റപ്പെട്ടു നില്‍ക്കുമ്പോഴും,
അടിസ്ഥാനപരമായി നീ ഒറ്റപ്പെട്ട്..
എനിക്കസൂയ ആണ് പൂക്കളോട്..
പൂക്കള്‍ക്ക് പരാതികളില്ല,
വരണമാല്യങ്ങളില്‍ പുഞ്ചിരിച്ചു നില്‍ക്കാനും,
ശവക്കല്ലറകളില്‍ മരവിച്ചു നില്‍ക്കാനും ,
കൂന്തലില്‍ ചമഞ്ഞു നില്‍ക്കാനും,
അവര്‍ക്കറിയാം...
ക്ഷതമേറ്റ വാക്കുകളുടെ നിലവിളി
നീ ശ്രദ്ധിച്ചിട്ടുണ്ടോ?
വടുക്കള്‍ നിറഞ്ഞ ഈ വാക്കുകളില്‍
ഇപ്പോഴും ചോര ചിന്തുന്നത്‌
നീ അറിയുന്നുണ്ടോ?
ഇപ്പോള്‍ വാക്കുകളെ അല്ല എനിക്കിഷ്ടം..
ഒരു പാദ സ്പര്‍ശത്തില്‍ ,ഉയിര്ത്തെഴുന്നേല്ക്കുന്ന
കരിയിലകളെയാണ്...

Saturday, May 5, 2012

ഒരു നല്ല ദിവസം കൂടി..ഇന്ന് ആദിയുടെ പിറന്നാളാണ്..കുഞ്ഞുങ്ങള്‍ ഇല്ലാത്ത ദമ്പതിമാര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നു...